കൂരിക്കുഴി: ദേശീയപാത നിർമാണത്തെ തുടർന്ന് കയ്പമംഗലം തീരമേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടു മാസം; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അ ഥോറിറ്റി ഓഫീസിൽ പ്രതിഷേധം. കയ്പമംഗലം പഞ്ചായത്തിന്റെ തീരമേഖലയിലെ 12, 13,14,15 എന്നീ വാർഡുകളിലാണു കഴിഞ്ഞ രണ്ടു മാസങ്ങളിലായി കുടിവെള്ളം ലഭിക്കാ ത്തത്.ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നുവെന്നു ജനപ്രതിനിധികൾ പറഞ്ഞു.
കടലോര മേഖല ആയതിനാൽ വാട്ടർ അഥോറിറ്റിയുടെ ശുദ്ധ ജലത്തെയാണ് 80 ശതമാനം വീട്ടുകാരും ആശ്രയിച്ചുവരുന്നത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നു 1500ഒാളം വീട്ടുകാർ ദുരിതത്തിലായി. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നിർദേശ പ്രകാശം നാലു വാർഡുകളിലും ടാങ്കറിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു. ഇതുമൂലം പഞ്ചായത്തിന് ലക്ഷക്കക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്.
പൊതുടാപ്പുകളിൽ ലഭിക്കാത്ത വെള്ളത്തിനു പ്രതിമാസം ലക്ഷക്കണക്കിനു രൂപ വാട്ടർ അഥോറിറ്റിക്കു നൽകേണ്ട അവസ്ഥയാണ് പഞ്ചായത്തിനു വന്നിട്ടുള്ളത് . നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് പൊട്ടിയ പൈപ്പുകൾ ശരിയാക്കി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അധികൃതർ തയാറാവാത്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും മതിലകം വാട്ടർ അഥോറിറ്റി ഓഫീസിൽ ശക്തമായ പ്രതിഷേധം നടത്തിയത്.
ഇതേത്തുടർന്ന് മൂന്നുദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് എൻജിനീയർ അനുപ്രിയ ഉറപ്പു നൽകിയതായി ജനപ്രതിനിധികൾ അറിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ സീന ഇസ്മായിൽ, സന്ധ്യ രവീന്ദ്രൻ, രശ്മി ശ്രീജിത്ത്, നസീമ, ലുഖ്നാ, അൻസാ മോൾ, ജിസ്നി ഷാജി, പി.സി. മനോജ്, ജിഷ, മതിലകം ബ്ലോക്ക് മെമ്പർമാരായ ഷീബ സതീഷ്, ഫാത്തിമ അനസ്, മുൻ മെമ്പർമാരായ സി.ജെ.പോൾസൺ, അനസ് അബൂബക്കർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.